ഒരിയ്ക്കല്‍ കാട്ടിലെത്തിയ ഒരു നായാട്ട് നായ ദൂരെ നില്‍ക്കുകയായിരുന്ന ഒരു സിംഹത്തെക്കണ്ട് അതിനരികിലേയ്ക്ക് ചെന്നു. സിംഹം നായയെ കണ്ടില്ലായിരുന്നു. തന്‍റെ ശീലമനുസരിച്ച് നായ സിംഹത്തിന് നേരെ കുരച്ച് ചാടി ചെന്നു.
നായയുടെ പെട്ടെന്നുള്ള കുര കേട്ട് സിംഹം ഒന്നു ഞെട്ടി പുറകോട്ട് മാറി. അതോടെ നായ കൂടുതല്‍ ഉച്ചത്തില്‍ കുരച്ച് കൊണ്ട് സിംഹത്തിനെ ഓടിക്കാനൊരുങ്ങി.
അതോടെ സിംഹം ഒന്ന് തിരിഞ്ഞ് നിന്നു ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു. സിംഹഗര്‍ജ്ജനം കേട്ട് വിരണ്ട നായ വാലും ചുരുട്ടി ഒറ്റയോട്ടം! കൊടുങ്കാറ്റിനേക്കാളും വേഗത്തിലാണ് നായ കുതിച്ച് പാഞ്ഞത്!
കുറച്ച് ദൂരം പേടിച്ച് കണ്ണും പൂട്ടി പരക്കം പാഞ്ഞ നായ ഏതോ കാട്ടുവള്ളികളില്‍ തട്ടി വീണു. ചാടിപ്പിടഞ്ഞെണീറ്റെങ്കിലും അവന്‍ വിറച്ച് വീണ്ടും താഴെ വീണു. അവന്‍റെ ശരീരമാസകലം പേടിച്ച് വിറക്കുകയായിരുന്നു.
ഇതെല്ലാം കണ്ട് നില്‍ക്കുകയായിരുന്ന ഒരു കുറുക്കന്‍ നായയുടെ അടുത്തേയ്ക്ക് ചെന്ന് അതിനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
"നീയെന്തൊരു വിഡ്ഢിത്തമാണ് കാണിച്ചത്. നിന്നേക്കാള്‍ പതിന്മടങ്ങ് ശക്തനായ ഒരുവനെയാണോ നീ കുരച്ച് പേടിപ്പിക്കാന്‍ നോക്കിയത്? നിന്‍റെ പൊടുന്നനെയുള്ള കുര കേട്ട് സിംഹം ഞെട്ടിയത് കണ്ട് നീ വലിയ ശക്തനാണെന്ന് നീ അഹങ്കരിച്ചു. ജീവന്‍ തിരിച്ച് കിട്ടിയത് ഭാഗ്യം!"
എതിരാളിയുടെ ശക്തിയറിയാതെ മത്സരിക്കരുത്!
0 Comments